ഗ്രീഷ്മത്തിന്‍ തൊട്ടു തലോടലേറ്റു
തളര്‍ന്നു മയങ്ങുമടവിയെക്കാണ്‍കെ
നീ നനച്ചു വളര്‍ത്തിയോരാ വനജ്യോത്സ്ന
മൊട്ടിട്ടു നില്പ്പതു കാണ്‍കെ
നിനക്കേറ്റം പ്രിയമാവു തന്‍ കന്നിക്കുരുന്നിനെ
തോളേറ്റി ചിരിപ്പതു കാണ്‍കെ
ഞാനെന്‍ അഴലിന്‍ കറുപ്പ് വസ്ത്രമെടുത്തണിഞ്ഞു
ഇന്ന് നിന്നസാന്നിധ്യത്തില്‍ പഴയപോല്‍
കോകി പാടും കേകി നൃത്തം ചെയ്യും..
ഞാന്‍ മാത്രം നീയെന്നെ ചാര്‍ത്തിച്ചോരീ
വിരഹത്തിന്‍ താലിയെത്തഴുകി…
ദൂരെ നിനക്കായ് മൂകമായ് ആശംസകള്‍
ദിനരാത്രങ്ങളുടെ മണിത്തേരില്‍
ഭദ്രമായ്‌ക്കൊടുത്തയക്കും
മോഹത്തിന്‍ നീര്‍ച്ചുഴിയില്‍പ്പെട്ടു
വട്ടം കരങ്ങുന്നോരെന്‍ വിഹ്വല -
മാനസത്തെ നേരെ നയിക്കാനാവതും
പണിപ്പെട്ടു ഞാന്‍ തളരവെ..
നിന്‍ തേജോമയമാം മുഖകമലമെന്‍
മനോമുകുരത്തില്‍ ദര്‍ശിച്ചു ഞാന്‍
നിര്‍വൃതിക്കൊള്ളവേ …
മനസിന്‍ മൌനനിമന്ത്രണം ഞാനതി -
ശ്രദ്ധയോടെ ശ്രവിക്കുന്നു..
നിന്‍ നാമ പഞാക്ഷരിയെന്‍
നാവിലുദിക്കുന്നു. …
വൃന്ദാവനത്തിലെ രാധയെപ്പോല്‍
ഞാനുമീ നദീതീരത്ത് നിന്‍
ഓര്‍മകളില്‍ ജീവിക്കവേ
ഏതോ നിമിഷത്തില്‍ ഞാനും
അഹല്യയെപ്പോല്‍ കല്പ്രതിമയായ്
ശാപമോക്ഷമേകാനെന്‍ രാമനായ്
നീയെത്തുംവരേക്കീയിരുള്‍കൂടാര-
ത്തിലൊട്ടു മയങ്ങട്ടെ ഞാന്‍